രണ്ടു.. നാല്.. ആറ്.. ഏഴു.. എട്ടു..
ഞാൻ ഭാസ്കരേട്ടന്റെ കടയിലേക്ക് നടന്നു..
എട്ടു രൂപ.. ഞാൻ വീണ്ടും വീണ്ടും എണ്ണി നോക്കി..
*****
ഞാൻ ആരാണെന്നല്ലേ???
എന്റെ പേര് അപ്പു.. നാലാം ക്ലാസ്സിൽ പഠിത്തം നിർത്തേണ്ടി വന്നു..
അച്ഛൻ കുഞ്ഞിലേ ഞങ്ങളെ വിട്ടു പോയി..
എനിക്ക് ഇളയത് മാളു.. അവൾ ഇപ്പൊ മൂന്നിലാ..
അവളെ എനിക്ക് ഒത്തിരി പഠിപ്പിക്കണം..വലിയ ആളാക്കണം..
എന്റെ അമ്മ ഒന്ന് ചിരിച്ചു കണ്ടിട്ട് കൊല്ലം ഒരുപാടായി..
റെയിൽവേ സ്റ്റേഷനിൽ പുസ്തകം വിറ്റു എത്ര സമ്പാദിക്കാനാ???
ഹും.. ഒരു നാലാം ക്ലാസ്സുകാരന് പിന്നെ എന്ത് ജോലി കിട്ടാനാ??
എനിക്ക് പരാതിയില്ല.. ഈശ്വരൻ ഓരോന്ന് വിധിക്കും,, നമ്മൾ അത് അങ്ങ് അനുസരിക്കും..
*****
ഇന്ന് തിരുവോണം.. പത്രത്തിൽ പറയുന്ന പോലെ എനിക്ക് ഓണത്തെ കുറിച്ച് ഓർക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ഒന്നുമില്ല.. അച്ഛൻ പതിവിലും അധികം ഫിറ്റ് ആയി അമ്മയെ തല്ലുന്ന ഓണം.. കൂട്ടുകാര് സദ്യ ഉണ്ണുമ്പോൾ കഞ്ഞി കിട്ടിയാൽ അതിഭാഗ്യം.. ഹും.. ഞാൻ അതൊന്നും ഓർക്കാൻ ഇഷ്ട്ടപ്പെടുന്നില്ല..
ഇന്ന് എന്റെ മാളൂട്ടി എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു..അവൾക്കു മുറ്റത്തു പൂ ഇടണം പോലും..അവൾ കുഞ്ഞല്ലേ.. അവള്ക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ?? കുഞ്ഞു കുഞ്ഞു ആശകൾ???
മുറ്റത്തു പൂവോക്കെയുണ്ട്..
ആരുടെയൊക്കെയോ ഔദാര്യത്തിൽ തല ചായ്ക്കാൻ ഒരിടം..
പൂ പറിച്ചാൽ ഭാനുവേടത്തിക്ക് ഇനി അത് മതി..
അത് എന്തായാലും വേണ്ട..
*****
ഇന്നലെ മുതലാളി ഒരു ഇരുപതു രൂപടെ നോട്ട് കയ്യിൽ വച്ച് തന്നു.. എന്നിട്ട് ഒരു ഡയലോഗ് "ഇത്തവണ ഓണം അടിച്ചു പൊളിക്കണം ട്ടോ.." അയാള്ടെ മുഖത്ത് നോക്കാൻ ഞാൻ മെനക്കെട്ടില്ല..
ഹും.. പത്തു രൂപ ദാമുവേട്ടന് കടയിൽ കൊടുത്തു.. പത്തെങ്കിൽ പത്തു.. അത്രയ്ക്ക് കടം കുറഞ്ഞല്ലോ.. നടക്കുന്ന വഴിക്ക് ഒരു പാവം അമ്മൂമ്മ കൈ നീട്ടി.. "മോനെ.. വല്ലതും തായോ.." രണ്ടു രൂപ അവർക്കും കൊടുത്തു.. ഇനി ഞാനും എട്ടു രൂപയും..
നോക്കാം.. ഇത്തിരി പൂവ്.. കുറച്ചു പഴകിയതാണെങ്കിലും സാരമില്ല.. മാളൂട്ടിക്കു സന്തോഷം ആവുമല്ലോ???
*****
"ഭാസ്കരേട്ടാ, ഇത്തിരി പൂവ്.. ഞാൻ എട്ടു രൂപ നീട്ടി.. ഭാസ്കരേട്ടൻ സഹതാപത്തോടെ എന്നെ നോക്കി.. ഞാൻ ഒന്ന് ചിരിച്ചു.. പിന്നെന്തു ചെയ്യാൻ???
ആ വലിയ മനുഷ്യൻ ഒരു പാക്കറ്റ് പൂ എന്റെ കയ്യിൽ വച്ച് തന്നു.. "ഇരുപതു രൂപടെ പാക്കറ്റ് ആണ്.. നീ വെച്ചോടാ.". എന്റെ കണ്ണ് കലങ്ങിയത് ഭാസ്കരേട്ടൻ കണ്ടു കാണും.. ഞാൻ തിരിഞ്ഞു നടന്നു..
*****
മാളൂട്ടി പടിക്കൽ നില്പ്പുണ്ട്.. ആ കുഞ്ഞു കണ്ണുകളിലെ പ്രതീക്ഷ ഞാൻ കണ്ടു..
ഞാൻ ആ പാക്കറ്റ് അവൾക്കു നേരെ നീട്ടി.. അവൾ അത് തട്ടിപ്പറിച്ചു മുറ്റത്തു ചെന്നിരിന്നു.. പിന്നെ ഓരോ പൂവായി ഭംഗിയിൽ വച്ചു.. "അമ്മേ.. ഓടി വാ.. നമ്മുടെ വീട്ടിലും ദെ പൂക്കളം.." അവൾ വിളിച്ചു കൂവി.. അകത്തു നിന്ന് ഇറങ്ങി വന്ന അമ്മയുടെ മുഖത്ത് ഞാൻ കണ്ടു.. ഒരു ചെറിയ പുഞ്ചിരി.. എപ്പോഴോ ഞാൻ കണ്ടു മറഞ്ഞ ആ പുഞ്ചിരി..