Wednesday, 28 September 2016

സമയം!

മുംബൈ മഹാനഗരം.. വി ടി സ്റ്റേഷന്റെ മുന്നിൽ ഞാൻ ഇങ്ങനെ നില്ക്കാ.. വണ്ടികളും മനുഷ്യന്മാരും ചീറി പായുന്നു.. എന്തിനു.. ഒന്ന് കണ്ണടച്ച് തുറന്നാൽ ദിവസം കഴിഞ്ഞു.. എല്ലാത്തിനും ഇവിടെ ഭയങ്കര വേഗത.. ആർക്കും ആരെയും നോക്കാനോ ഒന്ന് ചിരിക്കാനോ സമയം ഇല്ല.. സമയം.. അതാണ് ഇവിടെ എല്ലാവര്ക്കും ഇല്ലാത്തതു.. അതോ ഇനി ഇല്ല എന്ന് നടിക്കുക ആണോ! ആ! എനിക്കറിയില്ല..
കടത്തിണ്ണയിൽ നാട്ടുവർത്തമാനം പറഞ്ഞു സമയത്തെ കൊന്നത് ഓർക്കുമ്പോൾ ചിരി വരുന്നു.. അന്ന് കൂട്ടുകാരോടൊപ്പം ഇരുന്നു, തിടുക്കത്തിൽ പോണ സൈക്കിളെകാരനോട് വായുഗുളിക വാങ്ങിക്കാൻ പോവാണോ എന്ന് ചോദിച്ചത് ദേ ഇന്നലെ കഴിഞ്ഞ പോലെ!!
എല്ലാവരും ഓരോ വഴിക്കു! സതീശൻ അങ്ങ് എറണാകുളത്തു.. ഉണ്ണി അവന്റെ അച്ഛന്റെ തയ്യൽ കടയിൽ അങ്ങ് കൂടി.. സുബൈർ മലപ്പുറത്ത് തുണി കച്ചവടം.. ഞാൻ ഇത്തിരി പഠിച്ചു പോയി എന്ന കുറ്റത്താൽ ഇങ്ങു മുംബൈയിൽ.. താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. വീട്ടുകാർ നിർബന്ധിച്ചു.. ഇങ്ങു പോന്നു.. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ്.. എല്ലാ ചെലവും കഴിഞ്ഞു ഒരു അയ്യായിരം രൂപ അച്ഛന് അയച്ചു കൊടുക്കാറുണ്ട്.. ഞാൻ പിന്നെ പണ്ടേ സേവ് ചെയ്യാറില്ല.
ദിവസങ്ങൾ ഇങ്ങനെ പോവാ. ഇവിടെ വന്നിട്ട് ഇപ്പൊ എന്ത് ഉണ്ടായി എന്ന് ചോദിച്ചാൽ സത്യം പറയാലോ! ഒന്നും ഉണ്ടായില്ല. പിന്നെ ഈ നാട്ടുകാരോടോപ്പും ഞാനുo സമയത്തിന്നെ കയ്യിൽ മുറുക്കെ പിടിച്ചു ഇങ്ങനെ നടക്കും. അല്ല ഓടും!! നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ!!