Monday, 10 October 2016

വിദ്യാരംഭം..


മുത്തശ്ശൻ രാവിലെ തന്നെ ചാരുകസേരയിൽ കാലും നീട്ടി ഇരുപ്പാണ്..ഞങ്ങൾ നാട്ടിൽ എത്തിയതിന്റെ സന്തോഷം ആ മുഖത്ത് ഇങ്ങനെ തെളിഞ്ഞു കാണാം.
--------
രണ്ടു വർഷത്തിൽ ഒരിക്കെ വരുന്ന എനിക്ക് നാടും തറവാടും അമ്പലവും പൂവും പുല്ലും എല്ലാം വല്യ അതിശയമാ! ഇത്തിരി ഉള്ളപ്പോൾ അച്ഛനും അമ്മയും കാനഡയിലേക്ക് പറിച്ചു നട്ടതാ ഞങ്ങൾ രണ്ടാളെയും. അവള്ക്കു നാടൊന്നും അത്ര ഇഷ്ടമല്ല. വൃത്തി ഇല്ല സംസ്കാരം ഇല്ല എന്നൊക്കെ പറയും. എനിക്ക് അങ്ങനെയല്ല. ഇവിടുത്തെ കാറ്റും മണവും എല്ലാം ഒത്തിരി ഇഷ്ട്ടാ! അതല്ലേ നാട്ടിൽ പോവാണെന്നു പറയുമ്പോൾ ഞാൻ അവരേക്കാളുമൊക്കെ സന്തോഷിക്കുന്നത്!
--------
വിദ്യാരംഭം!
വര്ഷങ്ങള്ക്കു മുൻപ് മുത്തശ്ശൻ എന്നെ അമ്പലത്തിൽ കൊണ്ട് പോയി അരിയിൽ അക്ഷരങ്ങൾ എഴുതിച്ചു നാവിൽ മോതിരം കൊണ്ട് ഹരിശ്രീ എഴുതിച്ചതു.. മനസ്സിന്റെ അടിത്തട്ടിൽ ചിതറി കിടക്കുന്ന കുറെ ഓർമ്മചിത്രങ്ങൾ...
ഇന്ന് ദേ മുത്തശ്ശൻ എന്നോട് മൂപ്പർക്ക് ഹരിശ്രീ കുറിച്ച് കൊടുക്കാൻ ഏല്പിച്ചിരിക്കുകയാ!
----------
ടാബ്ലെറ്റിൽ വിരൽ ഓടിക്കുമ്പോൾ ലോകം കൈക്കുമ്പിളിൽ ചുരുങ്ങുന്നതു മുത്തശ്ശന് എന്നും അതിശയം ആണ്! കൊച്ചു മക്കളോട് Skype ചാറ്റിങ് ചെയ്യാൻ ഈ എഴുപതാം വയസ്സിൽ മനസ്സ് കാണിക്കുന്നത് എനിക്കൊരു ഞെട്ടലോടെയേ നോക്കിക്കാണാൻ പറ്റുള്ളൂ!
ടാബ്ലെറ്റിൽ doodle എടുത്തു ആ വിറയ്ക്കുന്ന കൈ ചേർത്ത് പിടിച്ചു ഞാൻ എഴുതിപ്പിച്ചു...
ഹരിശ്രീ ഗണപതയെ നമ:
അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമ:
-------
വിദ്യാരംഭം!